2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

നന്നാകാനുള്ള അവസാനത്തെ വഴി

             ആക്ഷേപഹാസ്യം എല്ലാക്കാലത്തും ഇരുതലമൂർച്ചയുള്ള വാളായിരുന്നു. മനുഷ്യത്വവിരുദ്ധത കൊണ്ട് ആടയാഭരണങ്ങൾ തീർത്തിരുന്ന രാജാക്കന്മാർ  ജനകീയവികാരങ്ങളെ തുറന്നുവിടാനുള്ള സേഫ്റ്റിവാൽവായി വിദൂഷകരുടെ വായകളെ വാടകയ്ക്കെടുത്തു. അതിനു നിന്നുകൊടുത്തവരും നിന്നു കൊടുക്കാത്തവരുമുണ്ട് ചരിത്രത്തിൽ. എതിരാളികൾക്കെതിരെയുള്ള ഒളിയമ്പായും സാമുദായികതിന്മകൾക്കെതിരെയുള്ള പടവാളായും ആക്ഷപഹാസ്യം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിനു മുമ്പ് ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന ആർച്ചിലോക്കസ് തന്റെ മച്ചമ്പിയായ ലൈക്കാമ്പസിനോടുള്ള വ്യക്തിവിദ്വേഷം തീർക്കുവാനെഴുതിയ കവിതയാണ് പാശ്ചാത്യലോകത്തെ ആദ്യത്തെ ആക്ഷേപഹാസ്യം. അതിലെ പരിഹാസം താങ്ങാനാകാതെ  ലൈക്കാമ്പസ് ആത്മഹത്യ ചെയ്തു. അതേസമയം, സമൂഹത്തിലെ വിവിധതരത്തിലുള്ള ജനവിഭാഗങ്ങളുടെ സ്വഭാവദൂഷ്യങ്ങൾ ഗുണപാഠകഥകളിലൂടെ അവതരിപ്പിച്ച പഞ്ചതന്ത്രമാണ് ആക്ഷേപഹാസ്യത്തിന്റെ ഭാരതീയ മാതൃക. വായിക്കുന്ന ഓരോ ആളിലും തന്റെയുള്ളിലെ തിന്മയെയാണല്ലോ ഇതിൽ വിഷയമാക്കിയിരിക്കുന്നത് എന്ന തോന്നലുളവാക്കുകയും മാനസാന്തരത്തിനു അവസരമൊരുക്കുകയുമാണ് പഞ്ചതന്ത്രത്തിലെ ഓരോ കഥയും ചെയ്തത്. അവ അമരശക്തിയുടെ ദുർബുദ്ധികളായ രാജകുമാരന്മാരെ നേർവഴിക്കു നയിച്ചെന്നാണ് പറഞ്ഞുകേൾക്കുന്നത്. 

കണ്ണാടിയിൽക്കാണുന്ന കോലം 
           ലജിത് എഴുതിയ 'ചക്ഷുശ്രവണ ഗളസ്തമാം' എന്ന ആക്ഷേപഹാസ്യരചനയിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഇതിലെ ചില കഥാപാത്രങ്ങൾ താനല്ലേ തന്റെ അടുത്ത ഒരാളല്ലേ എന്നൊക്കെ തോന്നുകതന്നെചെയ്യും. പക്ഷേ, ഒരിക്കലും അവ വ്യക്തിപരമായ ആക്രമണമാകുന്നില്ല. എന്നാൽ വ്യക്തിയിലെ കാപട്യത്തോടുള്ള അതിനിശിതമായ ആക്രമണമാവുകയും ചെയ്യുന്നു. ഒരുപക്ഷേ, മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി രാജാവിന്റെ ദുർബുദ്ധികളായെ മക്കളെപ്പോലെ നമുക്കു നന്നാകാനുള്ള അവസാനത്തെ അവസരമാകാം ഈ ചെറിയ പുസ്തകം. ഇതിലെ ഓരോ കുഞ്ഞുകഥയും ചിരിപ്പിക്കുക എന്നതിനേക്കാൾ ചിന്തിപ്പിക്കുക എന്ന ‍ധർമ്മത്തിലേക്കാണ് അടുത്തിരിക്കുന്നത്. തനിക്കു ചുറ്റുമുള്ളവരെ മാത്രം കഥാപാത്രങ്ങളാക്കി അനശ്വരമായ മനുഷ്യകഥാനുഗായികൾ സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ രജിത്തും പാത്രമാക്കുന്നത് പാരിപ്പള്ളിയിലും പരിസരപ്രദേശത്തും നമുക്കു കണ്ടുമുട്ടാൻ മാത്രം കഴിയുന്നവരെയാണ്. അവരെ തന്റെ സ്വതസിദ്ധമായ രിതിയിൽ വക്രീകരിച്ചും വിപുലീകരിച്ചും സമകാലികവ്യക്തിത്വങ്ങളെ ബാധിച്ചിരിക്കുന്ന അപമാനവീകരണത്തിനു ഉത്തമോദാഹരണങ്ങൾ തീർക്കുകയാണ് എഴുത്തുകാരൻ. 

                ആഗ്രഹങ്ങൾ എന്ന കഥയിലെ നായകന്റെ പേര് വേലായുധൻ എന്നായിരിക്കാം. എന്നാൽ, അതിമോഹത്തിന്റെ സുനാമിലേക്ക് സ്വയം ഓടിയടുക്കുന്ന നമ്മുടെ തന്നെ ചിത്രത്തെയാണ് കണ്ണാടിയിലെന്നപോലെ കാണാൻ കഴിയുന്നത്. ദൈവഭോഗികൾ എന്ന കഥ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് സ്വന്തം കുടുംബസ്വത്ത് വർദ്ധിപ്പിക്കുന്ന അമ്പലംവിഴുങ്ങികളെ മുഴുവൻ അഭിസംബോധന ചെയ്യുന്നു. ഉണങ്ങാനിട്ടിരിക്കുന്ന പാവാടയെപ്പോലും വെറുതേ വിടാത്തവർ എന്നു ചിലരെക്കുറിച്ച് പറയുന്നപോലെയാണ് ഇൻഷുറൻസ് തുകയെപ്പോലും വെറുതേവിടാൻ തയ്യാറില്ലാത്ത ലുബ്ധനെപ്പോലുള്ളവർ. മദ്യലഹരിയിൽ ഉടുമുണ്ടു നഷ്ടപ്പെട്ട നേതാക്കന്മാരുടെ ചിത്രം കണ്ട് കഥയിലെ ജനം മാത്രമല്ല നമ്മളും ചിരിച്ചുപോകും. അത്രയ്ക്ക് പരിചയമുള്ള മുഖങ്ങളാണല്ലോ അവ.  വിദ്യാലയങ്ങൾ മദ്യഷാപ്പുകൾ പോലെ കച്ചവടക്കാർ കയ്യടക്കിക്കൊണ്ടിരിക്കുന്ന കാലത്തെ ദീനതയാർന്ന തമാശയാണ് ശിവജിയെ നോക്കി ഉളുപ്പില്ലാതെ അക്ബർ എന്നു വിളിച്ചുകൂവിയ അധ്യാപകനിൽ കാണുന്നത്. വാരഫലം, മദ്യലൈബ്രറി, ചലിക്കാത്ത പേന തുടങ്ങി കുറിക്കുകൊള്ളുന്ന അനേകം വാഗ്ശരങ്ങളുടെ സമ്പന്നമായ ആവനാഴിയാണ് ഈ പുസ്തകം. 


                     തനിക്കുചുറ്റും സ്വാർത്ഥതയും കള്ളത്തരവും വേതാളനൃത്തം ചെയ്യുന്നതു കണ്ടുംകേട്ടും ഉറക്കം നഷ്ടപെട്ട സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ പ്രതികരണമാണ് ചക്ഷുശ്രവണ ഗളസ്തമാം. എന്ന ആക്ഷേപഹാസ്യഗ്രന്ഥം. മൃഗങ്ങളെ കഥാപാത്രമാക്കിക്കൊണ്ട് വരുംകാലലോകത്തിന്റെ ആസുരതയെ പരിഹാസരൂപത്തിൽ പ്രവചിച്ച ഓർവെല്ലിന്റെ  നോവലാണല്ലോ 1984. അതുപോലെ നമ്മുടെ ചുറ്റുപാടുകളിൽനിന്നു ശേഖരിച്ച മനുഷ്യമാതൃകകളിലൂടെ വരാനിരിക്കുന്ന വൃത്തിഹീനമായ ഒരു കാലത്തെ ലജിത്ത് ഈ കൃതിയിലൂടെ ഓർമ്മിപ്പിക്കുന്നപോലെ അനുഭവപ്പെടുന്നുണ്ട്. മാറാൻ ആരെങ്കിലും തയ്യാറുണ്ടെോ എന്നതാണ് ചോദ്യം. വിഷ്ണുശർമ്മ പഞ്ചതന്ത്രമെഴുതിയ കാലമല്ലല്ലോ ഇത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ